സ്‌പേസ് എക്‌സിന്‍റെ ആദ്യ പോളാർ ഓർബിറ്റ് ദൗത്യം -ഫ്രാം2
ഇന്ത്യൻ സമയം ഏപ്രിൽ 1ന് രാവിലെ 7:16ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം
സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം
ചരിത്രത്തിൽ തന്നെ ആദ്യമായാണ് പോളാർ ഓർബിറ്റിലേക്ക് (ധ്രുവഭ്രമണപഥം) മനുഷ്യരെ കൊണ്ടുപോകുന്നത്. ദൗത്യത്തിൽ നാല് ബഹിരാകാശ യാത്രികരെയാണ് ലോ എർത്ത് ഓർബിറ്റിൽ എത്തിക്കുക. മിഷൻ കമാൻഡർ ചുൻ വാങ്, വെഹിക്കിൾ കമാൻഡർ ജാനിക്കി മിക്കൽസെൻ, വെഹിക്കിൾ പൈലറ്റ് റാബിയ റോഗ്, മിഷൻ സ്പെഷ്യലിസ്റ്റും മെഡിക്കൽ ഓഫിസറുമായ എറിക് ഫിലിപ്‌സ് എന്നിവരാണ് ഫ്രാം2 ദൗത്യത്തിലെ ക്രൂ അംഗങ്ങൾ. ഫ്രാം2 ദൗത്യം ഉത്തര, ദക്ഷിണ ധ്രുവങ്ങങ്ങളിലൂടെ കടന്നുപോകുന്ന 90 ഡിഗ്രി ചരിവ് ഭ്രമണപഥത്തിൽ ദൗത്യം പ്രവേശിക്കുകയും ഏകദേശം 440 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ പരിക്രമണം ചെയ്യും.
ഭൂമിയുടെ ആർട്ടിക്, അന്‍റാർട്ടിക്ക് മേഖലകളിലേക്ക് ആദ്യമായി പര്യവേക്ഷകരെ എത്താൻ സഹായിച്ച നോർവീജിയൻ കപ്പലിനെ സ്‌മരിച്ചുകൊണ്ടാണ് ധ്രുവഭ്രമണപഥത്തിലേക്ക് മനുഷ്യരെയും വഹിച്ചുകൊണ്ട് നടത്തുന്ന ആദ്യ ദൗത്യത്തിന് ഫ്രാം2 എന്ന് പേരിട്ടത്. മൂന്ന് മുതൽ അഞ്ച് ദിവസം വരെ ദൗത്യം നീണ്ടുനിൽക്കാം.
ദീർഘകാല ബഹിരാകാശ പര്യവേക്ഷണത്തിൽ ബഹിരാകാശത്ത് മനുഷ്യന്‍റെ ആരോഗ്യം എങ്ങനെയായിരിക്കുമെന്ന് മനസിലാക്കുന്നതിനും, മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യങ്ങൾ വളർത്തുന്നതിനെക്കുറിച്ചും ഉൾപ്പടെ 22 ഗവേഷണ പഠനങ്ങൾ ദൗത്യത്തിന്‍റെ ഭാഗമായി ഇവർ നടത്തും. ദൗത്യത്തിനിടെ ബഹിരാകാശത്ത് വെച്ച് ആദ്യത്തെ എക്‌സ്-റേ എടുക്കാനും ക്രൂ ലക്ഷ്യമിടുന്നു. കൂടാതെ മൈക്രോഗ്രാവിറ്റിയിൽ പേശികളുടെയും അസ്ഥികളുടെയും പിണ്ഡം നിലനിർത്തുന്നതിന് ഏത് തരത്തിലുള്ള വ്യായാമം സഹായിക്കുമെന്ന് പഠിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. മാത്രമല്ല, മൈക്രോഗ്രാവിറ്റിയിൽ മുത്തുച്ചിപ്പി കൂൺ അഥവാ ഓയിസ്റ്റർ കൂൺ വളർത്താനും ദൗത്യം പദ്ധതിയിടുന്നു.