പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി തോന്നുന്ന ഏതൊരു വിദേശിക്കും രാജ്യത്ത് പ്രവേശനം നിഷേധിക്കുന്ന പുതിയ കുടിയേറ്റ, വിദേശി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്.
ദേശസുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവക്ക് പുറമെ, മറ്റു വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, പൊതുജന ആരോഗ്യം, അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിഷ്കർഷിച്ച മറ്റു കാരണങ്ങൾ എന്നിവ മുൻനിർത്തിയും ഒരു വിദേശിയുടെ ഇന്ത്യയിലേക്കുള്ള വരവ് തടയാൻ പുതിയ ബില്ലിലെ 3(1) വ്യവസ്ഥ കേന്ദ്രത്തിന് അധികാരം നൽകുന്നു.
എമിഗ്രേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ 3(2) വ്യവസ്ഥ അനുമതി നൽകുന്നില്ല
പ്രസ്തുത ബിൽ 1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് നിയമം, 1939ലെ വിദേശി രജിസ്ട്രേഷൻ നിയമം, 2000ത്തിലെ എമിഗ്രേഷൻ കാരിയർ നിയമം എന്നിവയ്ക്ക് പകരം കൂടിയാണ്
സാധുതയില്ലാത്ത പാസ്പോർട്ട്, വിസ എന്നിവയില്ലാതെ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് അഞ്ചു വർഷംവരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും
വ്യാജരേഖകൾ ഉപയോഗിച്ചെത്തിയാൽ രണ്ടുമുതൽ ഏഴുവർഷം വരെ തടവ്. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ പിഴ
വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ താമസിക്കുകയോ, വിസാ വ്യവസ്ഥകൾ ലംഘിക്കുകയോ, നിരോധനമുള്ള മേഖലകളിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്ക് മൂന്നു വർഷംവരെ ജയിൽ ശിക്ഷ. മൂന്നു ലക്ഷം വരെ പിഴയും.
വ്യക്തമായ രേഖകളില്ലാത്ത വിദേശികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ട്രാവൽ ഒപ്പറേറ്റർമാർക്ക് അഞ്ചുലക്ഷം രൂപവരെ പിഴയും വാഹനവും കണ്ടുകെട്ടും.